10.4.12

ബാക്കിപത്രം

ആത്മാവിനോടു പറഞ്ഞൂ ഞാനും
ആനന്ദിച്ചു നടന്നീടാൻ, പിന്നെ
ആലോചനാശേഷി നശിച്ചവർക്കും
ആലംബമറ്റവർക്കും ആധാരമാകാൻ
അതുകാരണമായെങ്കിലോ...

അഞ്ചാമനെക്കാത്തിരുന്നുഞാനും
അഞ്ചായറുത്ത നേരമോളം
ശേഷവും കാത്തിരിക്കയാണ്
തഞ്ചത്തിലൊത്തുവന്നെങ്കിലോ
അഞ്ചു തടഞ്ഞീടുമല്ലോ...

അറക്കപ്പെട്ടവന്റെ നിലവിളി
കൊലവിളിക്കുന്നവർക്കു ഹരമാവും
നേരേവിളികേൾപ്പാൻ സമയമില്ല
പിന്നെ, വിദൂരവിളിയാളം
കറക്കിയിട്ടെന്തുകാര്യം വ്യഥാ.....

ദൈവമുണ്ടോന്നു സംശയം ഇതു
ദൈവത്തിൻ നാട്ടിൽ നടപ്പതെങ്ങനെ?
അഞ്ചാമനിൽ മുങ്ങിയ രോദനത്തിലും
അലിയാമനമുള്ളവനോ, നിന്റെ
ജീവനെടുക്കാൻ കൂട്ടുനിൽക്കയോ...

ഇതു ദൈവത്തിന്റെ സ്വന്തം നാട്
ദൈവദൃഷ്ടി പതിയാത്തനാട്
പേരു മനുഷ്യൻ ! പക്ഷേ
സ്നേഹിക്കാൻ മനസ്സില്ലാത്തവൻ
ക്രൂരനെന്നു ചൊന്നാലും കുറച്ചിലാകും

നിന്റെ ജീവനിൽ വിലയിടാത്തവർ
നിനക്കുവേണ്ടി നിലവിളിക്കുമ്പോൾ
നീയതുകണ്ടു ചിരിക്കണം
കാലം ചെയ്ത നിലവിളിക്കെന്തർത്ഥം
കാര്യമില്ലാത്തൊരു ഭാഷണം മാത്രം...

നിന്റെ കഴുത്തിൽ കത്തിവച്ചവർ, സ്വന്തം
ചോരതൻ കഴുത്തിൽ ചുംബിക്കുമ്പോൾ
ചിന്തയിൽ പൊന്തുന്നതെന്താവാം
നിന്റെ രോദനം കേൾക്കാതെ പോയവർ
തൻ കുരുന്നിൻ കരച്ചിലാറ്റീടുമോ...

സ്നേഹിച്ചുപോയതാണു കുറ്റം
സ്നേഹിക്കാൻ മറന്നവർക്കെങ്കിലും
പാഴായ പോളപോൽ ജീവിതം, പിന്നെ
ജീവിച്ചുതീർക്കുവോർക്കെന്തു നേട്ടം
ജീവനെക്കാക്കാനോട്ടം മാത്രവും...

പേരുകൊണ്ടുത്തമനാണു താനും
പേരുമാത്രമാണുള്ളതെങ്കിലും
നേരൽപ്പമില്ലാത്തതു കഷ്ടമേലും
വീരനാണെന്നു ചൊല്ലും
ഞാനുമവനും പിന്നെയും...

തീരാദുരിതമാണവർക്കു സമ്മാനം
നീയോകയറും വിമാനം
അപരന്നുനൽകും സുഖവാസവും
ഇരന്നുവാങ്ങിയനാണയംകൊണ്ട്
പിന്നെയിരുന്നുണ്ണാൻ മടിയെന്തിന്...

കാലത്തെപ്പഴിവേണ്ടാ,
കണ്ണുതുറക്കാഞ്ഞാലിതുതാൻ പഥ്യം
കണ്ണടച്ചിരുട്ടാക്കുന്നതുമുഖ്യവും
തുറന്നിട്ടും കാര്യമില്ലല്ലോ
വല്ലതും കാണാനകക്കണ്ണുവേണ്ടേ...

5 comments:

jayanEvoor said...

അഞ്ചാമനോമന മന്ത്രിയായേ!!!

മഹാകവി കൊട്ടോട്ടിക്ക് അഭിവാദ്യങ്ങൾ!

Mohamedkutty മുഹമ്മദുകുട്ടി said...

കാലത്തെപ്പഴിവേണ്ടാ,
കണ്ണുതുറക്കാഞ്ഞാലിതുതാൻ പഥ്യം
കണ്ണടച്ചിരുട്ടാക്കുന്നതുമുഖ്യവും
തുറന്നിട്ടും കാര്യമില്ലല്ലോ
വല്ലതും കാണാനകക്കണ്ണുവേണ്ടേ... ഹൌ ഈ മഹാ കവി കൊട്ടോട്ടിയെ സമ്മതിക്കണം.

OAB/ഒഎബി said...

--ഇരന്നുവാങ്ങിയനാണയംകൊണ്ട്
പിന്നെയിരുന്നുണ്ണാൻ മടിയെന്തിന്...

ഒരു മടിയും വേണ്ട. വിശന്നാ പിന്നെ..
---------------------------
ഞാന്‍ വീണ്ടും വായിക്കാന്‍ തുടങ്ങുന്നു.

പ്രവീണ്‍ ശേഖര്‍ said...

ദൈവമുണ്ടോന്നു സംശയം ഇതു
ദൈവത്തിൻ നാട്ടിൽ നടപ്പതെങ്ങനെ?
അഞ്ചാമനിൽ മുങ്ങിയ രോദനത്തിലും
അലിയാമനമുള്ളവനോ, നിന്റെ
ജീവനെടുക്കാൻ കൂട്ടുനിൽക്കയോ...

nice ..

മിനി പി സി said...

ആകുലതകളും ആശങ്കകളും നിറഞ്ഞു നില്‍ക്കുന്ന കവിത .

Post a Comment

 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner