18.10.09

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

സൂക്ഷ്മകണങ്ങളായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരുന്നു

ഉറവയായൂറുമ്പോള്‍ത്തന്നെ
ഇണകളായ്ക്കഴിഞ്ഞവര്‍
അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

6.10.09

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാ
പൊട്ടിക്കിട്ട്ണില്ലാ
ഇനിയിപ്പൊ എന്താ ചെയ്ക
ചുറ്റിക വേണ്ടിവരും
ഒന്നു വാങ്ങിയേക്കാം

പൊട്ടാത്തതു കാരിരുമ്പോ
അതിനെക്കാള്‍ കാഠിന്യമേറിയ
എന്റെ മനസ്സോ, ഹൃദയമോ
തിരിയുന്നില്ലൊട്ടും
തല തിരിഞ്ഞതു കൊണ്ടാവാം

കാണാത്തതിനെക്കുറിച്ച്
അകക്കണ്ണില്‍ തെളിഞ്ഞുകണ്ടു
കവികള്‍ പാടും,
എനിയ്ക്കതു കാണാന്‍ പറ്റാത്തത്
കവിയുടെ കുറ്റമല്ലല്ലോ

കുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്
കുറ്റിപോലുറപ്പുണ്ടായേക്കാം
മനസ്സിന്റെ കോടാലിയ്ക്ക്
മൂര്‍ച്ച വീണ്ടും കൂട്ടിവയ്ക്കാം
വല്ലതും തിരിഞ്ഞേക്കും

പഴയതാണു പത്തരമാറ്റെന്ന്
അറിഞ്ഞുതന്നെ വായിച്ചതാണ്
കാമ്പുള്ള കവിതകള്‍
കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
ഞാനെന്തൊരു തിരുമണ്ടന്‍!
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner