25.5.09

യാത്ര

'പോകാന്‍ സമയമായി
വരൂ പോകാം...'
എന്നോടാണത്രേ !
ആരാണതു പറഞ്ഞത്‌ ?
ഭൂമിയോ ?
നിങ്ങളോ ?
അമ്മയോ ?
അതോ ഞാന്‍ തന്നെയോ !
ആരോ പറഞ്ഞു
ഈ മരത്തണലിലെത്തിയിട്ട്‌
അധികനേരമായില്ലായിരുന്നു
ഒന്നും കണ്ടില്ലായിരുന്നു
ഒന്നും കേട്ടില്ലായിരുന്നു
ഒന്നും അറിഞ്ഞില്ലായിരുന്നു
ഒന്നും ചെയ്തിട്ടുമില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം !
'വരൂ പോകാം'
വീണ്ടും ആ ശബ്ദം
എഴുന്നേറ്റു കൂടെ നടന്നു
തിരിഞ്ഞു നോക്കി
ദൂരെ മരത്തണലില്‍
എന്‍റെ ശരീരം കിടക്കുന്നു
ആര്‍ക്കും വേണ്ടാതെ
എനിക്കുപോലും
എങ്ങോട്ടാണീയാത്ര ?
ആവോ ആര്‍ക്കറിയാം.. !
ഒന്നും മനസ്സിലാവുന്നില്ല
എന്നാലും യാത്ര തുടരുന്നു !
അടുത്ത തണല്‍ വൃക്ഷം തേടി
അങ്ങോട്ട്‌....



( 1989 ല്‍ കുറിച്ചതാണ്‌.
പുനലൂരില്‍ നിന്ന്‌ എന്‍റെ സുഹൃത്ത്‌ അച്ചടിച്ചിരുന്ന
"ലക്‌ഷ്യ ഭൂമി" മാസികയില്‍ ഇതിനു മഷിപുരണ്ടു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം അപ്പനേറെയുള്ള ചിലര്‍
വേറേ ചില മാഗസിനുകളില്‍ക്കൂടി തന്തയെ മാറ്റി മഷിപുരട്ടി.
മാന്യവായനക്കാര്‍ ക്ഷമിക്കുക,
ഇതിനെ ഒരിക്കല്‍ക്കൂടി പുറത്തേയ്ക്കെടുത്തതിന്‌. )

16.5.09

ആഗ്രഹങ്ങള്‍ വഴിമാറുമ്പോള്‍....

പാതിമയക്കം കണ്‍കളിലുണരും
നേരത്തേതു മരം ചൊല്ലി...
പാതിമുറിഞ്ഞ ശിരസ്സും കൊണ്ടൊരു
പാവം നാട്ടു മരം ചൊല്ലി


നാലുവരിക്കു വകഞ്ഞു പകുത്തി-
ട്ടോരം നീളേ മഞ്ഞവര
നടവഴില്ലാപ്പെരുവഴിയില്‍- ചെറു
തരുനിരയില്ലാ തണല്‍ വഴിയില്‍


പൊരിവെയിലൂറ്റം കൊള്ളുന്നിവിടെ
പൊരിവയറേറ്റും പാവങ്ങള്‍
വഴിനടയെന്നതു കഠിനം- നേരേ
പായ്‌വതു കണ്ടാലാശ്ചര്യം !


ഉച്ചിയിലുച്ചയ്ക്കര്‍ക്കന്‍ തന്നുടെ
നോട്ടം പേറി നടന്നു വരുമ്പോള്‍
കൂട്ടീലണഞ്ഞാലാശ്വാസം
തന്നുണ്ണിയെ കണ്ടാല്‍ നിശ്വാസം


വീതികുറഞ്ഞ നിരത്താണിവിടെ
കാണുന്നുണ്ട്‌ വെളുത്തവര
നേരം കളയാന്‍ നോക്കിയിരിക്കാം
അരികില്‍ കാണും മഞ്ഞവര


സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌
ഇടതട നോക്കാന്‍ തരമില്ലാ
ക്ഷണമെത്ര നിശബ്ദതയറിയില്ല...


കണ്ണു കലങ്ങിയ മാതാക്കള്‍- പതി
പാതിയിലറ്റൊരു പനിമതികള്‍
ചുറ്റും ചിതറും കൂരിരുളില്‍- സ്മൃതി
വിണ്ണില്‍ തിരയും ചെറു മിഴികള്‍


‍ദിനവും ചുറ്റും കാണുന്നുണ്ടിതു
മാറ്റാനൊരു മനമിന്നില്ലാ.
സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌ !


കൂടുതെരഞ്ഞു വരുന്ന പ്രവാസിയും
പാതിവഴിക്കു മടങ്ങുന്നു,
ഇണയോ തലതല്ലുന്നുണ്ടുണ്ണികള്‍
കഥയറിയാതെ മയങ്ങുന്നു...


പാതി മരിച്ചൊരു മാതാവിന്‍- വ്യഥ
മുറ്റിയ രോദനമീവഴിയില്‍,
അരികിലൊരുണ്ണിത്തരു ചിതറി
ചെറു കയ്യില്‍ കണ്ടു കളിപ്പാട്ടം...


കത്തിക്കാളും ചുടുനിണമാര്‍ന്നൊരു
ചിത്രം മുന്നില്‍തെളിയുമ്പോള്‍
നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടി
പാഴ്ത്തടിയായിത്തീരുമ്പോള്‍


കിട്ടും വല്ലാതുള്ളൊരു നൊമ്പര-
മുള്ളില്‍ത്തട്ടിച്ചിതറുമ്പോള്‍
കാണും വഴിയോരത്തിനി വീണ്ടും
പുള്ളി പുരണ്ടൊരു വെണ്‍ശീല


കുത്തിനിറയ്ക്കുക ത്വരിതം
സ്മശാനങ്ങള്‍ നീളേ തുറക്കുക
അല്ലെങ്കില്‍ മറക്കുക സമയം
കണ്ണുതുറന്നു ചരിക്കുക
കണ്ണുമടച്ചു ചിരിച്ചീടുക

കണ്ണുതുറന്നു ചരിക്കുക നമ്മള്‍
കണ്ണുമടച്ചു ചിരിക്കുക വീണ്ടും...

3.5.09

പൊട്ടന്റെ ചിന്തപോലെ...

കാത്തിരുന്നു ഞാനേറെ നാളുകള്‍
‍പാത്തു ചിന്തകള്‍ കൂട്ടിനേറെയും
കാറ്റിലൂറിടും കുളിരു കോരുവാന്‍
‍ഊറ്റമോടേറെ നോക്കിനില്‍ക്കവെ

വിണ്ടു കീറിയ മനസ്സുകള്‍
തണ്ടു വാടിയ ചിന്തുകള്‍
‍കണ്ടു നീറിയ വാര്‍ത്തകള്‍ - കൂടെ
പണ്ടു പാടിയ ശീലുകള്‍

‍കാട്ടുചെമ്പകപ്പൂ പറിച്ചുനാം
കൂട്ടുകൂടിയൊരുമിച്ചു പോയതും
എട്ടുകെട്ടിലെ പൊട്ടറാന്തലും
കട്ടുകൊണ്ടു ഞാന്‍ ചൂണ്ടലിട്ടതും

ചിന്തകള്‍ കാടു കയറുന്നു
അന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു

ആശിച്ചുപോയി ഞാന്‍ തേടിയാശ്വാസത്തി-
നൊരുതുള്ളി നേടുവാന്‍ മൂകമായെങ്കിലും
ഏറ്റം വിഷമമാണെങ്ങുമതിനാല്‍ ഞാന്‍
‍ആശ്വാസംകൊള്ളുന്നെനിക്കാണേറ്റം സുഖം
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner