20.2.11

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ്

സ്വനലേഖയോടു ക്ഷമ പറയും ഞാന്‍
സ്നേഹിച്ചു തുടങ്ങിയ നാളുകള്‍
അധികമായില്ലായിരുന്നു

വരമൊഴിക്കവധികൊടുത്ത്
കീമാന്റെ കൈയുംപിടിച്ച്
ബൂലോകം കറങ്ങിഞാന്‍

തലതാഴ്ത്തി പമ്മിയിരിക്കുന്നതെന്താവാം
ചോദിച്ചില്ലാരും
മരുന്നു തീര്‍ന്നെന്നു തോന്നിക്കാണും

കമന്റുഭരണി കാലിയായി
ഹിറ്റ്‌കൌണ്ടറുകള്‍ ഹാന്‍ഡ് ബ്രേക്കിട്ടു
അഗ്രികള്‍ക്കും മറവിബാധിച്ചു

എന്തെങ്കിലും എഴുതിവിടണ്ടേ
എവിടെയെങ്കിലും പോയി നോക്കണ്ടേ
എന്തെങ്കിലും മിണ്ടേംവേണ്ടേ..?

ന്യായമായ ചോദ്യങ്ങള്‍
ന്യായ വിധിക്കു കാത്തു നില്‍ക്കുന്നു
ന്യായം മാത്രം കണ്ടെത്തിയില്ല

വിണ്ടു വരണ്ട മനസ്സും
വരണ്ട കണ്‍കോണുകളും
വറ്റിവരണ്ട പേനയും ബാക്കിയാവാം

പാതിമുറിഞ്ഞ മനസ്സുകളില്‍
പാഴ്‌മുള്ളുകളും കളകളും
പാലരുവികള്‍ സ്വപ്നമായ് മാറി

വെള്ളമാണു ചുറ്റും, അലിവിന്റെ
വെറും തുള്ളിമാത്രം തേടി
വെറും വ്യാമോഹം ബാക്കി

ഒരിറ്റു ദാഹനീര്
ഒരിക്കല്‍ക്കൂടിയേറ്റുവാങ്ങാന്‍
ഒരുമോഹം വ്യഥാ

കലുഷിതമായ മനസ്സിലേക്ക്
കലക്കവെള്ളമായ്
കവിതവരുമെന്നറിയുന്നു ഞാന്‍

കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും

ഹൃദയത്തിലെ കനല്‍ കെടുത്താന്‍
ഹൃദയംഗമായൊരുവാക്ക്, ഏതെങ്കിലും
ഹൃത്തടം തുറന്നിരുന്നെങ്കില്‍

പ്രതീക്ഷകള്‍ തുരുമ്പെടുത്തു
മതിഭ്രമം ബാധിക്കുംവരേയും
സതീര്‍ത്ഥ്യനെക്കാത്തിരുന്നേക്കാം

കാലത്തിന്നു മുമ്പേ ചരിക്കുവോര്‍
കാത്തവഴികളില്‍
കത്തും കാരിരുമ്പാവാതിരിക്കാം

വിടപറയുംമുമ്പേ വീണ്ടും
വിരഹഗാനം പാടാം ചിലര്‍ക്ക്
വിധിവിലക്കില്ലായിരിക്കാം

അക്ഷരങ്ങള്‍ക്കു വിരാമം കുറിക്കാം
ആശ്രയമറ്റവനത്താണിയില്ലെങ്കില്‍
ആത്മഹത്യ പാപപായിരിക്കില്ല
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner