28.3.10

ആര്‍ദ്രരാഗം

എന്നോ ഓര്‍മ്മയില്‍
ഒഴുകിയെത്തിയ ശീലുകള്‍
ഗൌള രാഗത്തിലുള്ളതായിരുന്നു

നാരായ മുനകൊണ്ട്
അതിന്റെ നനുത്ത ആര്‍ദ്ര ഭാവം
എഴുത്തോലയിലും കാത്തു വച്ചിരുന്നു,

ഉഷസ്സുണരുന്നത്
ഗൌളയില്‍ ബഹിര്‍ഗ്ഗമിച്ച
ആത്മാവിന്‍ പാട്ടുകള്‍ കേട്ടായിരുന്നു

തീര്‍ച്ചയില്ലായ്മയിലും
ചീഞ്ഞ മിത്തുകളിലും വരെ
അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു

ഈണത്തില്‍ ചില്ലകള്‍
അന്നു മൂളിയ മര്‍മ്മരങ്ങളും
ഗൌള രാഗഭാവം കാത്തിരുന്നു

നശ്വരമായ ഞാനും
കരിപുരണ്ട കുത്തിവരകളും
ആര്‍ദ്രം അനശ്വരമെന്നറിഞ്ഞിരുന്നു

ആത്മത്തുടിപ്പുകളില്‍
അന്തര്‍ലീനമായ ഭാവങ്ങള്‍
ഭക്തിസാന്ദ്രങ്ങള്‍ മാത്രമായിരുന്നു

കലുഷിതമനസ്സുകള്‍ക്ക്
സാന്ത്വനമായിമ്പത്തിന്‍
ചന്തം ഉള്‍ക്കാമ്പില്‍ തന്നിരുന്നു

കല്ലിന്റെ മനസ്സിന്
ഉടമകളായവര്‍ക്കു പക്ഷേ
തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner